മുട്ടയുടെ മഞ്ഞയുടെ നിറത്തിലുള്ള രുചികരമായ ഒരു പഴമാണ് മുട്ടപ്പഴം. എന്നാൽ ഇന്ന് മാർക്കറ്റിൽ അപൂർവ്വമായിട്ടു മാത്രമേ കാണാറുള്ളുവെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. കാനിസ്റ്റൽ, ചെസ ഫ്രൂട്ട് എന്ന പേരിലും അറിയപ്പെടാറുണ്ട്. Pouteria campechiana എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ബി.സി എണ്ണൂറുകളിൽ മായൻ, ആസ്ടെക് സംസ്കാരത്തിന്റെ കാലത്തും ഈ പഴം കാണപ്പെട്ടിരുന്നു. വളരെയധികം ആകര്‍ഷകമായ ഈ വിദേശിയായ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
ആരോഗ്യഗുണങ്ങൾ:
ബീറ്റ കരോട്ടിൻ, വിറ്റാമിൻ കലവറ
പഴത്തിന്റെ ഓറഞ്ചു നിറം തന്നെ ഇതിൽ ധാരാളം ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു (30mg/100g). പഴത്തിനു നിറം നൽകുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങൾ ബീറ്റ കരോട്ടീൻ ഉണ്ട്. നമ്മുടെ ശരീരത്തിൽ വെച്ച് ബീറ്റ കരോട്ടീൻ ഒരു രാസപ്രക്രിയ വഴി വിറ്റാമിൻ എ ആയി മാറുന്നു. ഈ പ്രക്രിയ നമ്മുടേ കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. രാത്രി സമയത്തെ കണ്ണിന്റെ കാഴ്ചക് വിറ്റാമിൻ എ ആവശ്യമാണ്, കൂടാതെ കണ്ണിന്റെ കാഴ്ചയെ മോശമാകുന്ന തിമിരം, "ഏജ് റിലേറ്റഡ് മകുലാർ ഡീജനെറേഷൻ" പോലെയുള്ള രോഗങ്ങളിൽ നിന്ന് വിറ്റാമിൻ എ സംരക്ഷിക്കുന്നു. ഇതിനുപുറമെ കണ്ണിന്റെ വരൾച്ച തടയാനും, മുടിയുടെ ആരോഗ്യത്തിനും മുട്ടപ്പഴം നല്ലതാണ്.
പേശികളെ ബലപ്പെടുത്തുന്നു.
മുട്ടപ്പഴത്തിൽ മിനറലുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ അയേൺ നൽകാൻ മുട്ടപ്പഴത്തിന് സാധിക്കും. കോശങ്ങളുടെ പ്രവർത്തനത്തിനും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഓക്സിജൻ എത്തിക്കാനും അയേൺ അനിവാര്യമാണ്.
പേശികളുടെ ടോൺ, ശക്തി എന്നിവ അയേൺ നൽകുന്നു. ശരിയായ അളവിൽ അയേൺ ശരീരത്തിൽ എത്തിയില്ലെങ്കിൽ പേശികളുടെ ബലം, പ്രാപ്‌തി എന്നിവ കുറയുന്നു. അതിനാൽ തന്നെ മുട്ടപ്പഴം കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നു.തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിയ്ക്കുന്നു:
മുകളിൽ പറഞ്ഞപോലെ മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുള്ള അയേൺ തലച്ചോറിലേക് കൂടുതൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. തലച്ചോറിലേക് എത്തുന്ന ഓക്സിജന്റെ അളവ് വർധിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തന ക്ഷമത കൂടുന്നു. കൂടാതെ അൽഷിമേഴ്‌സ്, ഡിമെൻഷ്യ പോലുള്ള തലച്ചോറിനെ നശിപ്പിക്കുന്ന രോഗങ്ങളിൽ നിന്ന് ഈ പഴം നമ്മളെ സംരക്ഷിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു;
കാർബോഹൈഡ്രേറ്റിനെ ഊർജ്ജമാകാൻ സഹായിക്കുന്ന വിറ്റാമിനായ നിയാസിൻ മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മൃഗങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, മുട്ടപ്പഴം പ്രമേഹം വരുന്നത് തടയുന്നുണ്ടെന്നാണ്.
അമിതമായ രക്തസമ്മർദ്ദം കുറയ്ക്കുന്നു;
വിറ്റാമിൻ B3 അഥവാ നിയാസിൻ ധാരാളമായി മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ നടക്കുന്ന പല രാസപ്രവർത്തനങ്ങൾക്കും (കാർബോഹൈഡ്രേറ്റ് ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ) ഈ വിറ്റാമിൻ ആവശ്യമാണ്.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ LDL അളവ് കുറക്കുകയും നല്ല കൊളെസ്ട്രോളായ HDL അളവ് കൂട്ടാനും സഹായിക്കുന്നു. രക്തക്കുഴലുകളുടെ വീതികൂട്ടുന്നതിലൂടെ വിറ്റാമിൻ നിയാസിൻ അതിറോസ്‌ക്‌ളിറോസിസ്(CAD), ഹൈപ്പർ ടെൻഷൻ (അമിത രക്തസമ്മർദ്ദം) പോലെയുള്ള അസുഖങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.ആന്റി ഓക്സിഡന്റുകളുടെ കലവറ;
പോളിഫിനോളുകൾ പോലെയുള്ള ആന്റി ഓക്സിഡന്റുകൾ മുട്ടപ്പഴത്തിൽ ധാരാളമായി കണ്ടുവരുന്നു. കാൻസർ, ഹൃദ്രോഗം, അമിതവണ്ണം, മറ്റു മെറ്റബോളിക് രോഗങ്ങൾ വരുന്നത് ഒരു പരിധി വരെ തടയാൻ ആന്റി ഓക്സിഡന്റുകൾക് സാധിക്കും.
സന്ധികളുടെ ആരോഗ്യം വർധിപ്പിക്കുന്നു.
മുട്ടപ്പഴത്തിൽ ഉയർന്ന അളവിലുള്ള നിയാസിൻ സന്ധികളുടെ വഴക്കം, ചലനം എന്നിവ സുഖകരമാകുന്നു. ചില പഠനങ്ങളിൽ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്, നിയാസിൻ സന്ധികളിലുള്ള വീക്കം പന്ത്രണ്ട് ആഴ്ച കൊണ്ട് സുഖപ്പെടുത്താൻ സഹായിച്ചു എന്നാണ്. മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുള്ള മറ്റു മിനറലുകളായ കാൽസിയം, ഫോസ്ഫറസ് എന്നിവ സന്ധികളിലെ വീക്കം സുഖപ്പെടുത്താൻ സഹായിക്കും.
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു:
മുട്ടപ്പഴത്തിൽ അസ്കോർബിക് ആസിഡ് അഥവാ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ജലദോഷം, ഫ്ലൂ എന്നിവയുടെ ചികിത്സയ്ക്കു ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ സി ജലദോഷം പെട്ടന്നു സുഖപ്പെടുത്താൻ സഹയിക്കുകയും ന്യൂമോണിയ, ശ്വാസകോശ രോഗങ്ങൾ പോലെ സങ്കീര്‍ണ്ണമായ അവസ്ഥകളിലേക്കു പോകുന്നത് തടയുന്നു.
മലബന്ധം ശമിപ്പിക്കുന്നു:
മുട്ടപ്പഴത്തിൽ ധാരാളമായി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ തന്നെ ഈ പഴം കഴിക്കുന്നത് നമ്മുടെ ദഹനേന്ത്രീയതിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. കൂടാതെ ഭക്ഷണം പോകുന്നത് സുഗമമാകുകയും ചെയുന്നു. അതിനാൽ തന്നെ ദഹനപ്രശ്നം, മലബന്ധം എന്നിവയുള്ളവർക്, മുട്ടപഴം ഒരു പ്രകൃതിദത്തമായ വയറിളക്കമരുന്നായി ഉപയോഗിക്കാം.
ഇതിൽ നിന്ന് മുട്ടപഴം വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴം ആണെന്ന് മനസിലാക്കാം. അതിനാൽ തന്നെ ഇത് നമ്മൾ കഴിക്കാൻ ശ്രമിക്കുക. എന്നാൽ വളരെ അമിതമായ അളവിൽ കഴിക്കുന്നത് നന്നല്ല! ഇത് "ബീറ്റ കരോട്ടീനീമിയ" എന്ന അസുഖം ഉണ്ടാകും. രക്തത്തിൽ ബീറ്റ കരോട്ടീൻ അളവ് വർധിച്ചു നമ്മുടെ തൊലി മഞ്ഞ നിറമാകുന്നതാണ് ഈ രോഗം. എന്നാൽ ഈ അവസ്ഥ ബീറ്റ കരോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ (മുട്ടപ്പഴം, കാരറ്റ്, മധുരക്കിഴങ്ങ്) കഴിക്കാതിരുന്നാൽ പെട്ടന്നുതന്നെ മാറുന്നതാണ്.
إرسال تعليق